
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താൻ സർക്കാരിന്റെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കാനാകണം. പരിപാടിയിൽ അണിചേരാൻ വിദ്യാർഥികളും യുവാക്കളും സ്ത്രീകളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്‌സ് എന്ന പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബർ ഒന്നിന് അവസാനിച്ചു. നവംബർ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി.


