
ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിൽ 883 ഹെൽത്ത് ഇൻസ്പെക്ടർമാരും 176 ഹെൽത്ത് സൂപ്പർവൈസർമാരും 1813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നും 1813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ 160 ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോൾ ഭക്ഷ്യ സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാകും. കോവിഡ് കാലത്തും ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സ്തുത്യർഹമായ സേവനങ്ങളാണ് ചെയ്തത്.
ഓരോ തദ്ദേശ സ്ഥാപനപരിധിയിലും ആരോഗ്യ വകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്പെക്ടറോ ചാർജുള്ള സീനിയറായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ച് നടപടി സ്വീകരിക്കാനും കഴിയും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച് മേൽ നടപടി സ്വീകരിക്കാനും സാധിക്കും




