മാലിന്യത്തിൽനിന്ന് ലഭിച്ച എട്ടു പവൻ ആഭരണം ഉടമയ്‌ക്ക് നൽകി ഹരിതകർമസേനാംഗം. ദുരിതത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായത്‌ ഇടക്കൊച്ചി 16––ാം ഡിവിഷനിലെ ഹരിതകർമസേനാംഗം വത്സലയാണ്‌. 70 വയസ്സുള്ള വത്സല 17 വർഷമായി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിൽ ചെയ്യുകയാണ്‌. വീട്ടുകാർ ഭക്ഷണപദാർഥങ്ങളും പ്ലാസ്റ്റിക്കും ഒന്നിച്ചുനൽകിയതിനാൽ ഇവ തരംതിരിക്കുന്നതിനിടെയാണ് ആഭരണം ശ്രദ്ധയിൽപ്പെട്ടത്. ആകെ കുറച്ചുവീടുകളിൽനിന്നുമാത്രം മാലിന്യം ശേഖരിക്കുന്ന വത്സലയ്‌ക്ക് തരംതിരിക്കാതെ മാലിന്യം നൽകിയ വീട്ടുടമയെ പെട്ടെന്ന് തിരിച്ചറിയാനായി. തുടർന്ന്‌, ആഭരണം ലഭിച്ച വിവരം കൗൺസിലറെയും സഹപ്രവർത്തകരെയും അറിയിച്ചു.

ആഭരണം നഷ്ടമായതറിഞ്ഞ് അന്വേഷിച്ചുനടന്ന ഉടമയ്‌ക്ക്‌ കൈമാറുകയായിരുന്നു. ഉപഹാരമായി ഉടമ നൽകിയ പാരിതോഷികത്തുക സ്നേഹപൂർവം വത്സല നിരസിച്ചു. ഭർത്താവ് മരിച്ചതിനെ തുടർന്ന്‌ മകളോടൊപ്പമാണ് താമസം. വത്സലയെ കൗൺസിലറുടെ നേതൃത്വത്തിൽ ആദരിച്ചു.


error: Content is protected !!