
ജർമ്മൻ യുവാവ് മാർക്ക് ബ്രന്നർറ്റിൻ്റെയും വർക്കല സ്വദേശിനി അഭിറാണിയുടെയും വിവാഹത്തിന് ശിവഗിരി ശാരദാമഠം വേദിയായി. വെള്ളിയാഴ്ച (13/01/23) രാവിലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ആർഭാടരഹിതമായ വിവാഹമായിരുന്നു. മാർക്കിൻ്റെ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സഹോദരൻ അഭിമന്യുവിലൂടെ അഭിറാണിയും മാർക്കും പരിചയപ്പെടുകയും പ്രണയത്തിലാവുകയും, സമാന ചിന്താഗതിക്കാർ ആയതിനാലും ഇരുവരും ഒരുമിച്ച് ജീവിക്കുവാനുള്ള തീരുമാനം എടുക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

മിശ്രവിവാഹിതർ കൂടിയായ അഭിറാണിയുടെ അച്ഛൻ സുനിൽകുമാറും മായാദേവിയും മകളുടെ ഇഷ്ടത്തിന് കൂടെ നിൽക്കുകയാണ് ഉണ്ടായത്. അങ്ങനെ അവർ ശിവഗിരിയുടെ മണ്ണിൽ വെച്ച് ഒന്നിക്കുകയുണ്ടായി.ശ്രീനാരായണധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിവാഹത്തിന് കാർമികത്വം വഹിച്ചു. ധർമ്മ സംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ നവ ദമ്പതികളെ അനുഗ്രഹിച്ചു

