
ബാല-കൗമാരവേല (നിരോധനവും നിയന്ത്രണവും) ആക്ട് 1986, കേന്ദ്രസർക്കാർ 2016-ൽ വരുത്തിയിട്ടുള്ള ഭേദഗതിയുടെ അടിസ്ഥാനത്തിൽ ബാലവേല-കുട്ടികളുടെ പുനഃരധിവാസവും ഫണ്ടും സംബന്ധിച്ച് കേരള ചട്ടം അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയ നടപടി സ്വീകരിച്ചാണ് ഉത്തരവായത്.
തൊഴിൽ വകുപ്പ് സെക്രട്ടറി, കമ്മീഷണർ എന്നിവർ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം ജലജമോൾ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി. ശിപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മൂന്ന് മാസത്തിനകം കമ്മീഷനിൽ ലഭ്യമാക്കണം.
