സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ,. സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , ടെക്സ്റ്റൈൽ മിൽ , കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, ഈറ്റ, കാട്ടുവള്ളിതൊഴിലാളികൾ), മാനുഫാക്ച്ചറിംഗ്/ പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി, മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം.
തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം, തൊഴിൽ നിയമ അവബോധം തുടങ്ങി 11 മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ www.lc.kerala.gov.in എന്ന തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും. അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും വെബ്സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.


