
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടത്തിയ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.
വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽനിർണ്ണായകമായി. നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽ.ഡി.എഫ് സർക്കാർ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ കൊണ്ടുവരാൻ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.



