
ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കായി കെ-ഡിസ്‌കും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ടാലൻറ് സെർച്ച് ക്യാമ്പ് തിരുവനന്തപുരം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ രാജ്യത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ‘ഭിന്നശേഷിത്വം വ്യക്തി, കുടുംബം എന്നിവരുടെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും മുൻഗണനകളിൽ ഒന്നാമത് വരേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള യുവജനങ്ങൾക്കായുള്ള ടാലൻറ് സെർച്ചിലൂടെ അവരുടെ സർഗാത്മക കഴിവുകൾ നല്ല തിളക്കമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. സംഗീത, സാഹിത്യ രംഗത്തെ വിദഗ്ധർ ക്യാമ്പിൽ നിർദ്ദേശങ്ങൾ നൽകും. അവരുടെ കഴിവുകളെ തേച്ചുമിനുക്കി സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കും. അവർ നാളെ കലാ കേരളത്തിന്റെയും സാഹിത്യകൈരളിയുടെയും അഭിമാനതാരങ്ങൾ ആയി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ക്യാമ്പിലേക്ക് വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച 127 അപേക്ഷകളിൽ പ്രാഥമിക പരിശോധന നടത്തി 60 പേരെ തെരഞ്ഞെടുത്തു. അതിൽ 41 പേരാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയത്. ഭിന്നശേഷി യുവജനങ്ങളുടെ ടാലൻറ് പൂൾ ഉണ്ടാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്‌ക്ക് മെമ്പർ സെക്രട്ടറി പി. വി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ക്യാമ്പിന് തുടർച്ച ഉണ്ടാവും. ടാലന്റ് പൂൾ രൂപീകരിക്കുന്നതിനേക്കാൾ ടാലന്റ് സപ്പോർട്ട് പ്ലാൻ തയ്യാറാക്കലാണ് പ്രധാനം. ഇങ്ങനെ കണ്ടെടുക്കുന്ന ഭിന്നശേഷി പ്രതിഭകളെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തലാണ് അടുത്തപടി. ഈ കുട്ടികൾക്ക് നിരന്തര പരിശീലനവും നൈപുണ്യ വികസനവും ലഭ്യമാക്കും.ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടി ആട്ടവും പാട്ടും ക്ലാസുകളുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗായകൻ പന്തളം ബാലൻ, നടനും എം.എൽ. എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ എന്നിവർ ഉൾപ്പെടെ ക്യാമ്പിൽ എത്തും.



