
കാല്‍നൂറ്റാണ്ടായി തരിശായി കിടക്കുന്ന ഏലകള്‍ കൃഷിയോഗ്യമാക്കാന്‍ മൈനാഗപള്ളി പഞ്ചായത്തില്‍ പദ്ധതി. വെട്ടിക്കാട്ട് മാടന്‍നട, ചാലായില്‍, മുണ്ടകപ്പാടം, തോട്ടുമുഖം എന്നീ ഏലകളിലെ 548 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കുന്നത്. കൃഷി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കര്‍മപദ്ധതിപ്രകാരം ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ പാടശേഖരസമിതികളുമായി ചേര്‍ന്ന് കൃഷിയിറക്കും. ഉദ്യോഗസ്ഥസംഘം ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യഘട്ടം മുണ്ടകപ്പാടത്തു നടപ്പാക്കും.
പഞ്ചായത്തില്‍ ചേരുന്ന ജലസംരക്ഷണ സാങ്കേതികസമിതി യോഗത്തില്‍ കലണ്ടര്‍ നിശ്ചയിച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കും. മൈനര്‍ ഇറിഗേഷന്‍ വിഭാഗം സ്ഥലം സന്ദര്‍ശിച്ച് ജലസേചന സംവിധാനങ്ങളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയ്യാറാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിശദമായ പദ്ധതിരേഖയും (ഡി.പി.ആര്‍.) സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും. ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത പ്രവൃത്തികള്‍ കൃഷി, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകള്‍ മുഖേനയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷത്തിനകം പരമാവധി ഏലകള്‍ കൃഷിയോഗ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പി. എം. സെയ്ദ് പറഞ്ഞു.
സമഗ്രപദ്ധതി തയ്യാറാക്കുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനും മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദിന്റെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

