പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ വൈവിധ്യംകൊണ്ടു ശ്രദ്ധേയമായി പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. വിവിധ മേഖലകളിലെ എഴുത്തുകാരുടെ 16 പുസ്തകങ്ങൾ ആദ്യ ദിനം പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരി കമർബാനു വലിയകത്തിന്റെ ‘ഗുൽമോഹറിതളുകൾ’, ‘പ്രണയഭാഷ’ എന്നിങ്ങനെ രണ്ട് കൃതികളാണ് പുസ്തകോത്സവത്തിൽ ആദ്യമായി പ്രകാശനം ചെയ്തത്.
തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു. ആറ് ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിലെ എഴുത്തുകാരുടെ കഥകൾ ചേർന്ന ‘ദേശാന്തര മലയാള കഥകൾ’ എന്ന പുസ്തകവും ആദ്യ ദിനം പ്രകാശനം ചെയ്തു.
എം.ഒ രഘുനാഥ് എഡിറ്റ് ചെയ്യ്ത പുസ്തകം സ്പീക്കർ എ.എൻ ഷംസീറാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരൻ ബെന്യാമിൻ പുസ്തകം സ്വീകരിച്ചു. ഡോ.എസ് കൃഷ്ണൻ എഴുതിയ ‘മനോരോഗവും പൗരാവകാശങ്ങളും’, ഗോപിനാഥ് മുതുകാട് എഴുതിയ ‘മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.വി.സി അബൂബക്കർ എഡിറ്റ് ചെയ്ത ‘എം.ടി.എം അഹമ്മദ് കുരിക്കൾ’ എന്ന പുസ്തകം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രകാശനം നിർവ്വഹിച്ചപ്പോൾ ടി.വി. അബ്ദുറഹ്‌മാൻ കുട്ടി എഴുതിയ ‘പൊന്നാനി താലൂക്ക് മുസ്ലിം ലീഗ്/ വി.പി.സി തങ്ങൾ’ എന്ന പുസ്തകം പി.കെ ബഷീർ എം.എൽ.എ പ്രകാശനം ചെയ്തു. സയ്ദ് അഷ്‌റഫ്, അബ്ദുൽ ബാരി എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ‘ഇമാജിൻഡ് നാഷണലിസം’ എന്ന പുസ്തകവും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
നിയമസഭാ സെക്രട്ടറി എ.എം ബഷീർ എഴുതിയ ‘തെമിസ്’ എന്ന കൃതിയും പ്രകാശനം ചെയ്തു.വിവേക് പാറാട്ട് എഴുതിയ പുസ്തകം ‘ഒന്നുകളും പൂജ്യങ്ങളും’, ഷിബു.ആർ, അയ്യപ്പദാസ് പി.എസ്, നെൽസൺ ജെ. എളൂക്കുന്നേൽ എന്നിവർ ചേർന്നെഴുതിയ ‘കേരള നിയമസഭ ചോദ്യം ഉത്തരം’, എം.കെ രാജൻ എഴുതിയ പുസ്തകം ‘ബിയാസ്’ എന്നിവയും ആദ്യ ദിനത്തിൽ പ്രകാശനം ചെയ്തവയിൽപെടുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഉമാ മഹേശ്വരിയുടെ പുസ്തകം ‘മതിലകം രേഖകൾ’ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.