ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്‌സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ജെയ്‌സണ് സ്ഥലം മാറ്റം ലഭിച്ച പാറക്കടവ് പഞ്ചായത്ത് ഓഫീസ് രണ്ടാം നിലയിലായതിനാലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ജെയ്‌സന്റെ വീടിന് അടുത്തുള്ളതും, ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്നതുമായ ഓഫീസ് കണ്ടെത്തിയാണ് മാറ്റം നടത്തിയത്. ഭിന്നശേഷിക്കാരായ ജീവനക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസുകളും ഭിന്നശേഷി സൗഹൃദമാണെന്ന് ഭരണ സമിതികൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ആലങ്ങോട് പഞ്ചായത്തിലെ ഹെഡ് ക്ലർക്കായി പ്രവർത്തിക്കുകയായിരുന്നു ജെയ്‌സൺ. അവിടെ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നെങ്കിലും ജെയ്‌സൺ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞവരെ എല്ലാവരെയും സ്ഥലം മാറ്റണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കരട് പട്ടികയിൽ ജെയ്‌സണെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെക്ക് മാറ്റാൻ നിർദേശിച്ചിരുന്നു.
വീടിന് അകലെയാണ് ഈ ഓഫീസ് എന്ന് ചൂണ്ടിക്കാട്ടി ജെയ്‌സൺ അപേക്ഷ നൽകുകയും, ഇത് പരിഗണിച്ച് വീടിന് സമീപമുള്ള പാറക്കടവ് പഞ്ചായത്തിൽ നിയോഗിക്കുകയുമാണ് ചെയ്തത്. എന്നാൽ രണ്ടാം നിലയിലാണ് പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നതെന്ന കാര്യം അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടനെ മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ജെയ്‌സണെ സൗകര്യപ്രദമായ സ്ഥലത്ത് ജോലിക്ക് നിയോഗിക്കുകയായിരുന്നു.