തദ്ദേശസ്ഥാപനങ്ങൾക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കും, പ്രവർത്തകർക്കും, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് കൈമാറി നിർവഹിച്ചു.

1993 ഡിസംബർ 3നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. കഴിഞ്ഞ മുപ്പത് വർഷത്തെ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ അവലോകനവും, സുപ്രീംകോടതിയിൽ നിന്നുള്ള പ്രധാന വിധികളുടെ വിവരങ്ങളും, തദ്ദേശ ഭരണസംവിധാനത്തെ കുറിച്ചും, തദ്ദേശ ഭരണ വികാസം, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അയോഗ്യത, ജനപ്രതിനിധികളുടെ വിവരങ്ങൾ, ഭരണഘടന വ്യവസ്ഥകൾ, സർക്കുലറുകൾ, വിജ്ഞാപനങ്ങൾ, ഡയറക്ടറി, പ്രധാന വെബ്സൈറ്റുകൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇയർ ബുക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് കമ്മീഷണർ പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ഇയർ ബുക്ക് പുറത്തിറക്കുന്നത്. ഇയർ ബുക്കിന്റെ ഔദ്യോഗിക പ്രകാശനം ഡിസംബർ രണ്ടിന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചിരുന്നു.