
ഹയർ സെക്കൻഡറി കെമിസ്ട്രി ലാബുകളിൽ ജല ഗുണനിലവാര പരിശോധനാ സംവിധാനം നിലവിൽ വരും
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസി ആയ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച കേരള ജല അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നാം കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയൽ വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിൽ പലപ്പോഴും മാലിന്യം കലരുന്നുണ്ട്. ഇത് ഗൗരവമായ പ്രശ്‌നമായി കാണണം. ഏത് നദിയിലെയും വെള്ളം കുടിക്കാവുന്ന തരത്തിലുള്ള ശുദ്ധി, അണുമുക്തമായ വെള്ളം എന്നിവ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ രീതിയിൽ ഗൗരവമായ ഇടപെടലുകളുടെ ഫലമായാണ് 82 ജല ഗുണനിലവാര പരിശോധനാ ലാബുകൾ നിലവിൽ വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ കെമിസ്ട്രി ലാബ് ഉള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകിയശേഷം വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. പെട്ടെന്ന് പരിശോധന നടത്തി ഫലം കിട്ടാനുദ്ദേശിച്ചാണിത്. ജലജീവൻ മിഷൻ വഴിയുള്ള ശുദ്ധ ജല വിതരണം സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും ലഭ്യമാക്കും.

