
സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്ക് കൊച്ചി മെട്രോയിൽ സ്ഥിരം നിയമനം ലഭിച്ചു.
കൊച്ചി മെട്രോയുടെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ മെയിന്റെയ്നർ തസ്തികയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. സാങ്കേതിക വിഭാഗമായതിനാൽ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇവർക്ക് ജോലി ചെയ്യാം. ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാരും ഇവരിൽ ഉൾപ്പെടുന്നു. പരീക്ഷയുടേയും ഇന്റർവ്യൂന്റെയും ആരോഗ്യ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 30 വയസിൽ താഴെ മാത്രം പ്രായമുള്ള ഇവർക്ക് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകും.

കൊച്ചി മെട്രോയുടെ ഓപ്പറേഷൻസ് ആന്റ് കൺട്രോൾ സെന്ററിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ എച്ച്.ആർ വിഭാഗം പ്രോജക്ട്സ് ആന്റ് ഇൻചാർജ് ഡയറക്ടർ ഡോ. രാം നവാസ് നിയമന ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് കൈമാറി. ജനറൽ മാനേജർ മിനി ചബ്ര(എച്ച്.ആർ ), മാനേജർ എസ് രതീഷ് , എസ് ആന്റ് ടി ജനറൽ മാനേജർ മണി വെങ്കട്ട കുമാർ, ഓപ്പറേഷൻസ് ജനറൽ മാനേജർ തലോജു സായി കൃഷ്ണ, എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് വൊക്കേഷ്ണൽ ഗൈഡൻസ് വിഭാഗം ഓഫീസർ വി.ഐ കബീർ തുടങ്ങിവർ പങ്കെടുത്തു
.
