
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.
അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ (എസ്.ഒ.) ഹരിശ്ചന്ദ്ര നായിക് നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങള്‍ക്ക് പുറമെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം എന്നിവടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി സംഘങ്ങളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. അസി. സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍, ഒമ്പത് ഡി.വൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പോലീസുകാരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
