കാത്തിരിപ്പിനു വിരാമമിട്ട് കൊല്ലം നഗരത്തിൽ കല്ലുപാലം യാഥാർഥ്യമാകുന്നു. തിരക്കേറിയ ലക്ഷ്മിനടയേയും മെയിൻറോഡിനെയും ബന്ധിപ്പിച്ച് കൊല്ലം തോടിനു കുറുകെയുള്ള പാലം നിർമാണം അന്തിമഘട്ടത്തിലാണ്. 23ന് എം മുകേഷ് എംഎൽഎ പാലം സന്ദർശിച്ച് നിർമാണം വിലയിരുത്തുന്നതോടെ ഉദ്‌ഘാടന തീയതിയും നിശ്ചയിക്കും. നിർമാണം അനന്തമായി നീണ്ടുപോയതിനെ തുടർന്ന് ആദ്യകരാറുകാരനെ നീക്കി തിരുവനന്തപുരം ആർടിഎഫ് ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനിക്ക് വീണ്ടും കരാർ നൽകുകയായിരുന്നു. തുടർന്ന് അവധിയില്ലാതെയായിരുന്നു നിർമാണ പ്രവർത്തനം. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പെയിന്റിങ്ങും നടക്കുന്നു. 22 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് പാലം പൂർത്തിയായത്. പാർശ്വഭിത്തി സംരക്ഷണം, കൈവരി നിർമാണം, 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത എന്നിവയും നിർമിച്ചിട്ടുണ്ട്.
കെഎസ്‌ഇബിയുടെയും ജല അതോറിറ്റിയുടെയും ജോലികളും പൂർത്തിയായി. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം. ശനിയാഴ്‌ച എം മുകേഷ് എംഎൽഎയും മേയർ പ്രസന്ന ഏണസ്റ്റും കല്ലുപാലം സന്ദർശിച്ചിരുന്നു. രണ്ടരവർഷമായിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്നാണ് എംഎൽഎയുടെ ശക്‌തമായ ഇടപെടലിൽ ആദ്യ കരാറുകാരനെ നീക്കിയത്. അഞ്ചുകോടി രൂപയുടെ പാലം നിർമാണം 2019 ഒക്‌ടോബറിലാണ് ആരംഭിച്ചത്.
അവധിയില്ലാതെ 70 ദിവസം
കല്ലുപാലത്തിന്റെ അവശേഷിച്ച പ്രവൃത്തി രണ്ടാമത്തെ കരാറുകാരൻ തീർത്തത് 70 ദിവസത്തിനുള്ളിൽ. 1.72 കോടിയുടേതായിരുന്നു കരാർ. നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി മെയ്‌വരെയാണ്. ഒരുദിവസംപോലും മുടങ്ങാതെ രാപ്പകൽ ജോലിയെടുത്ത് നിശ്ചിത സമയത്തിനുള്ളിൽതന്നെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനിയെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് കൊല്ലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജോയി ജനാർദനൻ പറഞ്ഞു.