
തെരുവുനായകൾക്കായി ജില്ലാപഞ്ചായത്ത് അഭയകേന്ദ്രം ഒരുക്കുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഫാമിലെ രണ്ട് ഏക്കറിൽ അഭയകേന്ദ്രം നിർമിക്കുന്നത്. 1000 നായകളെ പാർപ്പിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. നിർമാണോദ്ഘാടനം 26നു പകൽ 11ന് നടക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരുവുനായകൾക്ക് അഭയകേന്ദ്രം ഒരുക്കുന്നതെന്ന് പ്രസിഡന്റ് സാം കെ ഡാനിയൽ പറഞ്ഞു.
അറുപതുലക്ഷം രൂപ ചെലവിലാണ് നിർമാണം. വന്ധ്യംകരണം നടത്തി നായകളെ പിടിച്ചിടത്തുതന്നെ കൊണ്ടുവിടുന്നതിനു പകരം അവയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തിക വർഷം എബിസി പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി. വന്ധ്യംകരണ ശസ്ത്രക്രിയക്ക് ആവശ്യമായ ചെലവും ഡോഗ് ഹാൻഡ്‍ലേഴ്സിനുള്ള വേതനവും ജില്ലാപഞ്ചായത്താണ് വഹിക്കുന്നത്. പഞ്ചായത്തുകളുടെ പൂർണ സഹകരണത്തോടെ മാത്രമേ എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയൂവെന്നും സാം കെ ഡാനിയൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സുമലാൽ, ജില്ലാ പഞ്ചായത്ത്അംഗം സി ബാൾഡുവിൻ, സെക്രട്ടറി ബിനുൻ വാഹിദ് എന്നിവരും പങ്കെടുത്തു.
