എഴുകോണിലാണ് ഓട്ടോ ഡ്രൈവറുടെ സമയോചിതവും ധീരവും ആയ ഇടപെടല്‍ മൂലം വന്‍ ദുരന്തത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
ആലുവ ഡിപ്പോയിലെ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ എഴുകോണ്‍ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീട്ടിലെ പാചക വാതക സിലിണ്ടര്‍ ആണ് ചോര്‍ന്ന് അപകടാവസ്ഥയില്‍ ആയത്. ഉണ്ണിക്കൃഷ്ണ പിള്ളയും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു.സിലിണ്ടര്‍ ചോര്‍ന്ന് പാചക വാതകം ശക്തിയായി പുറത്തേക്ക് പ്രവഹിക്കുന്ന തരത്തിലായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ടാണ് ഈ സമയം ഇത് വഴി ഓട്ടം വന്ന മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുളവന പള്ളിയറ ആലുംമൂട്ടില്‍ വീട്ടില്‍ ബി ഹരീഷ് കുമാര്‍ സംഭവം അറിയുന്നത്. ഉടനടി വീട്ടിലേക്ക് പാഞ്ഞ് കയറിയ ഹരീഷ് കുമാര്‍ എത്തുമ്പോള്‍ പാചക വാതക സിലിണ്ടര്‍ വീടിന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ഉണ്ണിക്കൃഷ്ണ പിള്ള.പാചക വാതക സിലിണ്ടറിന്റെ വാഷര്‍ തകരാറില്‍ ആയത് മൂലം പാചക വാതകം പുറത്തേക്ക് വരികയും വീടിനകം നിറയുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണ പിള്ള വീട്ടുകാരെ പുറത്തേക്ക് എത്തിക്കുന്നതിനിടെ ഹരീഷ് കുമാര്‍ പാചക വാതക സിലിണ്ടര്‍ തുറസായ സ്ഥലത്തേക്ക് മാറ്റി. ഇതിനിടയില്‍ പാചക വാതകം ശക്തിയായി ഹരീഷ് കുമാറിന്റെ മുഖത്തേക്കും വായിലേക്കും പ്രവഹിക്കുന്നുണ്ടായിരുന്നു.ഇതൊന്നും വക വെക്കാതെയാണ് ഹരീഷ് കുമാര്‍ പാചക വാതക സിലിണ്ടര്‍ പുറത്തെത്തിച്ചത്. പിന്നാലെ ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പ് കൊണ്ടു പാചക വാതക സിലിണ്ടര്‍ അടക്കുകയും ചെയ്തു. ഇതിനിടെ കൊട്ടാരക്കരയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തി. പാചക വാതക സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുകയും വീടും പരിസരങ്ങളും സുരക്ഷിതമാക്കുകയും ചെയ്ത ശേഷമാണ് അഗ്നിരക്ഷാ സേന മടങ്ങിയത്.