പ്രൗഢ​ഗംഭീരമായ ചടങ്ങിൽ 64–-ാ മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തലസ്ഥാനത്ത്‌ ഉജ്വല തുടക്കം. കോവിഡിനെത്തുടർന്നുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. ശനി രാവിലെ ഏഴ് മുതൽ സ്റ്റേഡിയങ്ങളിൽ മത്സരം ആരംഭിച്ചു.
രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി. വൈകിട്ട് ആറിന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് അഞ്ചോടെ ജില്ലാ ടീമുകൾ മാർച്ച് പാസ്റ്റിനായി ഗ്രൗണ്ടിൽ അണിനിരന്നു.
63–-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ല മുന്നിലും ബാക്കി ജില്ലകൾ പിന്നിലും അണിനിരന്നു. ആതിഥേയരായ തിരുവനന്തപുരം ജില്ലയായിരുന്നു ഏറ്റവും പിന്നിൽ.

നോ ടു ഡ്ര​ഗ്സ് എന്ന ആപ്തവാക്യവുമായാണ് മാർച്ച് പാസ്റ്റ് ആരംഭിച്ചത്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ ബാൻഡ്‌ മുഴക്കി.
മാർച്ച് പാസ്റ്റിനു ശേഷം ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങളുടെ നേതൃത്വത്തിൽ  ദീപശിഖാറാലി ഗ്രൗണ്ടിൽ പ്രവേശിച്ചു. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ കായികമേളയുടെ ദീപശിഖ തെളിച്ചു. വിവിധ സ്‌കൂളിലെ കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. ശനിയാഴ്ചത്തെ മത്സരങ്ങൾ അഞ്ചിന് സമാപിച്ചു.

error: Content is protected !!