ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച “കൊട്ടും വരയും ” പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അറുപത്തി ഒന്നാമത് കലോത്സവത്തിൻ്റെ ഭാഗമായി മന്ത്രിയും ജനപ്രതിനിധികളും വിവിധ കമ്മിറ്റി ഭാരവാഹികളും ചേർന്ന് 61 പ്രാവുകളെ പറത്തി.

പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരന്നു.

ചിത്രകാരന്മാരും വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളവും ഫറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ നാടൻപ്പാട്ട് അവതരണവും നടന്നു. പരിപാടി വീക്ഷിക്കാനായി എത്തിയവരും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം സച്ചിൻ ദേവ് എംഎൽഎ,

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, കൺവീനർ പി.എം മുഹമ്മദലി,

പി.കെ.എം ഹിബത്തുള്ള, കെ.കെ സുബൈർ, ഹരീഷ് കടവത്തൂർ, ടോമി മണിമല, കെ.പി സുരേഷ്, കെ.സൈനുദ്ധീൻ, സലാം മലയമ്മ, കെ.കെ ശ്രീഷു, രൂപേഷ് കുമാർ, പി.പി ഫിറോസ്, കെ രാജീവൻ എന്നിവർ സംസാരിച്ചു