നഗരത്തിരക്കുകളിൽ നിന്നും മാറി കാടിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട അരിപ്പ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ശങ്കിലി മാന്‍ഷന്‍ – കൂടാരങ്ങളും കമ്പകം മാന്‍ഷന്റെയും ഓഫീസ് കെട്ടിട സമുച്ചയങ്ങളും നിർമിച്ചത്.1.87കോടി രൂപയാണ് പദ്ധതിച്ചെലവ്. വൈഡൂര്യക്കുന്ന്, പൂവാർ നദി, മിസ്റ്റിക്ക സ്വാംപ്, അമ്മയമ്പലം പച്ച എന്നിവിടങ്ങളിലേക്കുള്ള ട്രെക്കിംഗ് ഉൾപ്പെടെ 2,500 രൂപയാണ് രണ്ടു പേർക്ക് ശങ്കിലി മാൻഷനിൽ താമസിക്കാനുള്ള ചെലവ്. ഇത്തരത്തിലുള്ള അഞ്ച് ഹട്ടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രഭാത ഭക്ഷണം സൗജന്യമായി നൽകും. രാത്രിയിൽ ക്യാംപ് ഫയറും ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് പുറമെ കമ്പകം മാൻഷൻ, ജ്യോതിഷ്മതി ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ വെബ്സൈറ്റായ arippa.kfdcecotourism.com വഴിയോ തിരുവനന്തപുരം, അരിപ്പ ഓഫീസുകളിൽ നേരിട്ടെത്തിയോ ബുക്കിംഗ് നടത്താവുന്നതാണ്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചു .ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷനായ ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.