
അയ്യനെകാണാൻ മലചവിട്ടിയെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവുമായി സന്നിധാനത്തെ ആയുർവേദ ആശുപത്രിയിലെ മസാജ് ചികിത്സ. പ്രതിദിനം എഴുന്നൂറോളം പേരാണ് ആയുർവേദ ആശുപത്രിയിലെ മസാജ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. വിനോദ് കുമാർ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 25,109 പേരാണ് സന്നിധാനം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
കിലോമീറ്ററുകളോളം നീണ്ട കുത്തനെയുള്ള കയറ്റം താണ്ടി കടുത്ത പേശിവേദനയും സന്ധിവേദനയുമായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കു വലിയ ആശ്വാസമാണ് ആയുർവേദ ആശുപത്രിയിലെ തിരുമ്മൽ ചികിത്സ. ഭക്തർക്കായി രണ്ടു തെറപ്പിസ്റ്റുകളുടെ സേവനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സ, മർമ്മചികിത്സ എന്നിവയും ഭക്തർക്കായി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
ഭക്തർക്കൊപ്പം സന്നിധാനത്തെ പൊലീസ് ഉൾപ്പെടെയുള്ള സേവനരംത്തുള്ളവരും ആയുർവേദ ചികിത്സയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ വിവിധ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സയും മരുന്ന് വിതരണവും ആശുപത്രിയിൽ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. ഔഷധക്കൂട്ടുകൾ ചേർത്ത് ആവി പിടിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
തീർഥാടകരുടെ സൗകര്യാർഥം പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി രണ്ട് ആയുർവേദ ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. 14 അംഗ സംഘമാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ സേവനത്തിന് ഉള്ളത്. മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് ഡോക്ടർമാർ, മൂന്ന് ഫാർമസിസ്റ്റുകൾ, രണ്ട് തെറപ്പിസ്റ്റുകൾ, മൂന്ന് അറ്റൻഡർ, ഒരു ശുചീകരണ തൊഴിലാളി, ദേശീയ ആയുഷ് ദൗത്യത്തിന്റെ രണ്ട് പാർട്ട് ടൈം ജീവനക്കാരുമടങ്ങിയതാണ് സംഘം.

