
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ – മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡയെ (പുഷ്‌പകമൽ ദഹൽ) രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷമായ യൂനിഫൈഡ് മാർക്‌സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലെത്തുന്നത്.
275 അംഗ സഭയിൽ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടര വർഷം പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ് ധാരണ. മുമ്പ് 2008, 2016 വർഷങ്ങളിലാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചത്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ തൂക്കുസഭയായിരുന്നു നേപ്പാളിൽ നിലവിൽ വന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി നൽകിയ സമയപരിധി ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് അവസാനിക്കെയാണ് അതിനു മുൻപ് പ്രചണ്ഡ അവകാശവാദം ഉന്നയിച്ചെത്തിയത്.

