സംസ്ഥാന കേരളോത്സവം കായികമേളയിൽ പാലക്കാടിന്‌ കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയിൽ 243പോയിന്റോടെയാണ്‌ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്‌. 149 പോയിന്റോടെ കോഴിക്കോട്‌ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന കേരളോത്സവ കലാമേളയിൽ നിന്നുള്ള 268 പോയിന്റ്‌ കൂടി ചേർത്ത്‌ 511 പോയിന്റോടെ പാലക്കാട്‌ സ്വന്തമാക്കിയത്‌ കേരളോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പും. 

കലാമത്സരത്തിൽ ഓവറോൾ കരസ്ഥമാക്കിയ കണ്ണൂരിനെ (365 പോയിന്റ്‌)കായികമേളയിലൂടെ മറികടന്നാണ്‌ പാലക്കാട് ഇരട്ട നേട്ടത്തിനുടമയായത്. 501 പോയിന്റോടെ കണ്ണൂർ ഓവറോളിൽ മൂന്നാം സ്ഥാനത്താണ്‌. കലാമേളയിൽ 358 പോയിന്റുണ്ടായിരുന്ന കോഴിക്കോട് കേരളോത്സവ ഓവറോളിൽ രണ്ടാംസ്ഥാനം നേടി (507 പോയിന്റ്‌).

മേളയുടെ ആദ്യദിനം മുതൽ അവസാനം വരെ കിരീടനേട്ടത്തിലേക്ക്‌ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു പാലക്കാട്‌. ട്രാക്കിലും ഫീൽഡിലും കരിമ്പനയുടെ നാടിന്റെ  സമഗ്രാധിപത്യമാണ്‌ കൊല്ലം മണ്ണിൽ ദൃശ്യമായത്‌. കായികമേളയിൽ 131 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തും 113 പോയിന്റുമായി തൃശൂർ അഞ്ചാം സ്ഥാനവും നേടി.


error: Content is protected !!