മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്റെ നോവല്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് സിനിമയാക്കുന്നു. 27–ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

   ചലച്ചിത്രോത്സവം ആവിഷ്‌കാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ  പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കണമെന്ന് മുഖ്യാതിഥി എം മുകുന്ദന്‍ പറഞ്ഞു. സമാപനച്ചടങ്ങിലേക്ക് രഞ്ജിത് ക്ഷണിച്ചപ്പോള്‍ വരുന്നില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അത് തെറ്റായിരുന്നെന്ന് ഈ വേദി വ്യക്തമാക്കി. മേളയില്‍ കണ്ട ഏതു സിനിമ മറന്നാലും അഥീന റെയ്ച്ചല്‍ ഉയര്‍ത്തിക്കാണിച്ച ഇറാനിയന്‍ സംവിധായിക മെഹ്നാസ് മൊഹമ്മദിയുടെ തലമുടിയിഴകള്‍ ആരും മറക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

   ആവിഷ്‌കാരസ്വാതന്ത്ര്യം നഷ്ടമാകുന്ന ഇക്കാലത്ത് നല്ല സിനിമകള്‍ കാണുന്നതും ചലച്ചിത്രമേളയുടെ ഭാഗമാകുന്നതും ഒരു പ്രതിരോധം തന്നെയാണ്. അത്തരം സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കണം. സിനിമാ മേഖല പുതിയ വഴികളിലൂടെ സഞ്ചരിക്കുകയാണ്. പാശ്ചാത്യനാടുകളില്‍ നോവലുകള്‍ സിനിമയാകുന്നത് തുടര്‍ച്ചയായി കണ്ടുവരുന്നു. ആ വഴി നമ്മളും സ്വീകരിക്കണം. ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും എം മുകുന്ദന്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ എം മുകുന്ദന് സ്നേഹോപഹാരം കൈമാറി.