സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നാലുമാസം മുമ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് സമ്മാന പദ്ധതിയിലെ ജേതാക്കൾക്കും വ്യാപാരികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ 25 ലക്ഷം രൂപയുടെ ഓണം ബമ്പർ സമ്മാനം ഉൾപ്പെടെ വിതരണം ചെയ്തു.

നാല് മാസം മുമ്പ് പുറത്തിറക്കിയ ആപ്പ് മുഖേന 7.5 ലക്ഷം ബില്ലുകളാണ് ഇതു വരെ അപ്‌ലോഡ്‌ ചെയ്തത്. ബീന എം. ജോസഫ് ആണ് ഓണം ബമ്പർ വിജയി. 10 ലക്ഷം രൂപയുടെ സെപ്റ്റംബർ മാസത്തിലെ വിജയി സുനിതാ ശേഖറും 10 ലക്ഷം രൂപയുടെ ഓഗസ്റ്റ് മാസത്തിലെ ജേതാവ് സുനിൽകുമാർ പി. എമ്മും ചെക്കുകൾ ഏറ്റുവാങ്ങി.

ഇവർ സാധനങ്ങൾ വാങ്ങിയ കടകളിലെ വ്യാപാരികൾക്കും ഉപഹാരങ്ങൾ കൈമാറി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രതിമാസ നറുക്കെടുപ്പുകളിൽ രണ്ടു ലക്ഷം രൂപ സമ്മാനം നേടിയവർക്കുള്ള ചെക്കുകളും വ്യാപാരികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ലക്കി ബിൽ മൊബൈൽ ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ബാലഗോപാൽ പറഞ്ഞു. എല്ലാ ആളുകളും സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ ചോദിച്ചു വാങ്ങണം. ബിൽ ചോദിച്ചുവാങ്ങുന്നത് ശീലമാക്കിയാൽ നികുതി ചോർച്ച തടയാനാകും. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സംസ്ഥാന സർക്കാരിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ലക്കി ബിൽ മൊബൈൽ ആപ്പ്.

വാങ്ങുന്ന സാധനങ്ങളുടെ ബിൽ ആപ്പിൽ അപ്‌ലോഡ്‌ ചെയ്ത് സമ്മാനങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ടാകുന്നതിലൂടെ ഉപഭോക്താക്കൾ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തി ഷോപ്പ് ചെയ്യുന്നു. ഇത് ഓൺലൈൻ ഷോപ്പിംഗിന്റെ നല്ല ശതമാനം നേരിട്ട് സാധനങ്ങൾ വാങ്ങാൻ വരുന്നതിലേക്ക് നയിക്കുന്നതിനാൽ തങ്ങളുടെ കച്ചവടം വർധിക്കുമെന്ന് വ്യാപാരികൾ മനസിലാക്കിയതായി മന്ത്രി പറഞ്ഞു.

‘കൃത്യമായി പദ്ധതികൾക്ക് വേണ്ടി പണം മുടക്കുന്ന സർക്കാർ ആണ് കേരളത്തിലേത്. ജി.എസ്.ടി നഷ്ടപരിഹാര തുക നൽകുന്നത് കഴിഞ്ഞ ജൂൺ മുതൽ കേന്ദ്രം നിർത്തിയിരിക്കുകയാണ്. ഇത് വിതരണം ചെയ്യാൻ സംസ്ഥാനം കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്, മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലക്കി ബിൽ ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയ ഫീച്ചറുകളായ ബിൽ ലോക്കർ, റഫറൽ കോഡ്, കൂടുതൽ ബില്ലുകൾ അപ്‌ലോഡ്‌ ചെയ്യുന്നവർക്ക് സമ്മാനങ്ങൾ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

അടുത്ത ക്രിസ്മസ്-ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് തീയതി 2023 ഫെബ്രുവരി 10ന് ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 25 ലക്ഷം രൂപയാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് സമ്മാനത്തുക. പദ്ധതിയുടെ പങ്കാളികളായ വനശ്രീ, കെ.ടി.ഡി.സി, കുടുംബശ്രീ, സംസ്ഥാന ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവക്കുള്ള ഉപഹാരവും കൈമാറി. വനശ്രീക്ക് വേണ്ടി ചാലക്കുടി വനം ഡിവിഷൻ കോർഡിനേറ്റർ പ്രസീത ടി.പി ഉപഹാരം ഏറ്റു വാങ്ങി.

കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ച ആപ്പ് മുഖേന ബില്ല് സ്‌കാൻ ചെയ്താൽ തന്നെ ബില്ല് അപ്‌ലോഡ്‌ ആവും. കൂടാതെ ഒരിക്കൽ അപ്‌ലോഡ്‌ ചെയ്ത ബില്ലിന്റെ ഡിജിറ്റൽ കോപ്പി എല്ലാ കാലവും ആപ്പിൽ സുരക്ഷിതമായിരിക്കും. 

error: Content is protected !!