
കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ച കുടുംബശ്രീ ഉൽപ്പന്ന ഭക്ഷ്യ വിപണന മേള “ആരവം 2022′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരക്കോടിയിലേറെ വനിതകളാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്. 25 വർഷത്തെ കുടുംബശ്രീ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചതാണ്. തുടർന്നും അത് മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി.
സ്‌കൂൾ കായികമേളയിൽ മൂന്ന് സ്വർണമെഡൽ നേടിയ കെ നിവേദ്യ, നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, കൗൺസിലർ അനുപമ നായർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി എസ് മനോജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണിക്കൃഷ്‌ണൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ആർ ലക്ഷ്‌മി, ജെൻഡർ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ അർജുൻ പ്രസാദ് എന്നിവർ സംസാരിച്ചു.
ക്രിസ്‌മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വനിതാ സംരംഭകരുടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച മേള 30ന് സമാപിക്കും.

