എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ ലഹരിയുടെ പിടിയില്‍ നിന്ന് മുക്തരാക്കി മികച്ച വ്യക്തികളായി മാറ്റാന്‍ കായിക വേദികള്‍ക്ക് സാധിക്കും. കായിക മേഖലയിലെ പുരോഗതിക്കായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്. കായിക വകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മികച്ച പരിശീലകരുടെ കീഴില്‍ കുട്ടികള്‍ക്ക് കോച്ചിംഗ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളോത്സവം പോലുള്ള വേദികളുടെ പങ്ക് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ജില്ലയ്ക്ക് അവസരം കിട്ടിയത് അഭിമാനകരമാണ്. മികച്ച കായിക പ്രതിഭകളെ സൃഷ്ടിക്കുന്നതിനോടൊപ്പം ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും കലാകായിക വേദികള്‍ക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 3400 കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 30ന് സമാപിക്കും. അത്‌ലറ്റിക്സ്, നീന്തല്‍, ആര്‍ച്ചറി, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി മുതലായ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

error: Content is protected !!