നൂറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കിയ സ്ത്രീശാക്തീകരണം മുതൽ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന വ്യക്തമാക്കുന്ന രേഖകൾ വരെ

150 വർഷം മുമ്പ് ഇംഗ്ലീഷ് പഠനത്തിനായി പണം വകയിരുത്തിയ ഭരണാധികാരിയുടെ ഉത്തരവ് മുതൽ ബംഗാൾ ക്ഷാമകാലത്ത് കേരളം നൽകിയ ധനസഹായത്തിന്റെ രേഖകൾ വരെ

ലോകത്തിലെ തന്നെ ഏറ്റവും കൂടുതലും പഴക്കമുള്ളതുമായ താളിയോല രേഖകൾ അടങ്ങിയ സംസ്ഥാന പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സ് ഫോർട്ടിൽ യാഥാർത്ഥ്യമാവുന്നു.

സെൻട്രൽ ആർക്കൈവ്‌സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച താളിയോലകളിൽ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

മൂന്നാം നൂറ്റാണ്ട് മുതലുള്ള താളിയോലകൾ ഇതിലുണ്ട്. തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളുടെ സമഗ്ര ചരിത്രം വെളിവാക്കുന്ന അത്യപൂർവ്വ രേഖകളാണ് ഇതിൽ പലതും. കോടിക്കണക്കായ പേപ്പർ രേഖകൾക്ക് പുറമേ താളിയോലകൾ, ചെപ്പേടുകൾ, മുളക്കരണങ്ങൾ എന്നിവയും ശേഖരത്തിൽ ഉൾപ്പെടുന്നു. പതിനായിരത്തിലേറെ ചുരുളുകളിൽ ആയി ഒന്നരക്കോടിയോളം താളിയോല രേഖകൾ ആണ് പുരാരേഖാ വകുപ്പ് സൂക്ഷിച്ചു വരുന്നത്.

പ്രാചീന ലിപികൾ ആയ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നിവയിലും പ്രാചീന മലയാളം, തമിഴ് എന്നിവയിലും എഴുതപ്പെട്ട ഈ താളിയോല രേഖകളിലെ ഉള്ളടക്കം ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ വിവരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മേഖലാ ഓഫീസ് ആയ സെൻട്രൽ ആർക്കൈവ്‌സ് മന്ദിരത്തിൽ മൂന്ന് കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടിയിൽ എട്ട് ഗാലറികളിൽ ആയിട്ടാണ് താളിയോല രേഖാ മ്യൂസിയം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

വിഷയാധിഷ്ഠിതമായി എട്ട് ഗാലറികളിലായിട്ടാണ് താളിയോലകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ എഴുത്ത് ലിപികൾ, 300 വർഷം പഴക്കമുള്ള ആർക്കൈവ്‌സ് കെട്ടിടത്തിന്റെ ചരിത്രം, ഭൂമി ഇടപാടുകൾ, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സ്ത്രീശാക്തീകരണം, ഭരണസംവിധാനം, സ്‌കൂൾ ആരംഭം, മതിലകം രേഖകൾ എന്നിങ്ങനെയാണ് വിവിധ ഗാലറികൾ.

പ്രധാന താളിയോല രേഖകളിൽ 180 വർഷം മുമ്പ് ആശുപത്രിക്കായി പണം നീക്കിവെച്ച ഭരണാധികാരിയുടെ ഉത്തരവും 150 വർഷം മുൻപ് ഇംഗ്ലീഷ് വിഭാഗത്തിനായി പണം മാറ്റിവെച്ച ഉത്തരവും ബംഗാൾ ക്ഷാമകാലത്ത് ഇവിടെ നിന്ന് ധനസഹായം നൽകിയതിന്റെ രേഖകളും ഉൾപ്പെടുന്നു.

കൊല്ലവർഷം 1039 ലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, കൊല്ലവർഷം 984 ലെ വേലുത്തമ്പിദളവയുടെ തിരോധാനം, കൊല്ലവർഷം 1060 ൽ രാജ്യത്തെ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന നൽകിയത് എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന അനവധി അപൂർവ്വ രേഖകളുണ്ട്.

ഈ കൂട്ടത്തിൽ വസൂരിക്കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരുന്നത് വ്യക്തമാക്കുന്ന രേഖയും ഉൾപ്പെടുന്നു. 300 വർഷം പഴക്കമുള്ള സെൻട്രൽ ആർക്കൈവ്‌സ് മന്ദിരം തന്നെ ഒരു ചരിത്രമാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു വി ചൂണ്ടിക്കാട്ടി. 200 വർഷം മുമ്പ് തടവറയായിരുന്ന അതേ കെട്ടിടമാണ് ഇന്ന് അറിവിന്റെ നിലവറയായി മാറിയിരിക്കുന്നത്.

ചരിത്രകാരൻമാരിലും ഗവേഷകരിലും ഒതുങ്ങിനിന്നിരുന്ന സമഗ്ര ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയും പുതുതലമുറയ്ക്ക് ചരിത്രത്തിൽ താല്പര്യം ജനിപ്പിക്കാൻ വേണ്ടിയുമാണ് മ്യൂസിയമെന്ന് മന്ത്രി ദേവർകോവിൽ വ്യക്തമാക്കി. ഉദ്ഘാടനശേഷം ക്രിസ്മസ്-പുതുവർഷം പ്രമാണിച്ച് ആദ്യത്തെ ഒരു മാസം മ്യൂസിയത്തിൽ പ്രദർശനം സൗജന്യമായിരിക്കും. പഴയ കാലത്തെ തിട്ടൂരം, നീട്ട്, ഒഴുക്, ആയക്കെട്ട് തുടങ്ങിയ ഭൂമി രേഖകളൊക്കെ പ്രദർശനത്തിലുണ്ട്. മ്യൂസിയം വികസനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച (ഡിസംബർ 22) മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം നിർവഹിക്കും.