ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു . കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള വേദികൾ ഉണ്ട് . മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി സ്പോർട്സ് കോംപ്ലക്സ് പരിഗണനയിലുണ്ടെന്നും വടുവൻചാൽ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി പറഞ്ഞു.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ സ്‌കൂൾ മൈതാനങ്ങളെ കവർന്നുകൊണ്ടുള്ള കെട്ടിട നിർമാണങ്ങൾ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളർച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിർത്തി വേണം കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ. കായിക മേഖലയിലെ ഉണർവ്വിനായി വിവിധ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂൾതല കായികോത്സവങ്ങൾ വിപുലമായി നടത്തും. നീന്തൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് നിർത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വർഷം മുതൽ പുനഃസ്ഥാപിക്കുകഎന്നും മന്ത്രി പറഞ്ഞു