
സംസ്ഥാനത്ത് അടുത്തവർഷം സിനിമാ നയം രൂപീകരിക്കുമെന്നും ഇതിനുള്ള നടപടികൾ നടക്കുകയാണെന്നും കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ച് കെഎസ്എഫ്ഡിസിയുമായി ചേർന്ന് “സിനിമാ നിർമാണത്തിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിഷിദ്ധോ പോലുള്ള കലാമൂല്യമുള്ള സിനിമകൾ കെഎസ്എഫ്ഡിസിയുടെ ഒടിടി വഴി പ്രദർശിപ്പിക്കും. വനിതാ സംവിധായകരെ പിന്തുണയ്ക്കാനാണ് സർക്കാർ കെഎസ്എഫ്ഡിസിക്ക് സിനിമ നിർമിക്കാൻ പണം അനുവദിച്ചതെന്നും ഷാജി എൻ കരുൺ പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻകൈയെടുത്ത് കലാമൂല്യമുള്ള സ്ത്രീപക്ഷ സിനിമകൾ നിർമിക്കണമെന്ന് ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു. സ്ത്രീകളുടെ സിനിമകളെല്ലാം ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനകൾ ഏറ്റെടുത്താൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂവെന്ന് മോഡറേറ്ററായ നടി മാലാ പാർവതി പറഞ്ഞു.

