ത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ ആദ്യകുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കും. തമിഴ്‌നാട് സ്വദേശിനി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി എട്ടിലാണ് കൊച്ചി സിറ്റി പൊലീസ് സമർപ്പിക്കുക.
ആലുവ സ്വദേശിനി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നാലിൽ ജനുവരി രണ്ടാംവാരം കാലടി പൊലീസും സമർപ്പിക്കും.
ഒന്നാംപ്രതി എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്–-52) സമാനരീതിയിൽ വേറെ കൊലപാതകം നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഷാഫിയുടെ പഴയകാല ജീവിതം പൊലീസ് പരിശോധിച്ചിരുന്നു. ഷാഫിയെ 200 മണിക്കൂറോളം പൊലീസ് ചോദ്യംചെയ്‌തു. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. ഒക്‌ടോബര്‍ പതിനൊന്നിനാണ് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ പത്മയുടെയും റോസിലിയുടെയുമാണെന്ന് ഡിഎൻഎ ഫലത്തിലൂടെ വ്യക്തമായിരുന്നു. മൃതദേഹഭാഗങ്ങൾ ഭഗവൽസിങ്ങിന്റെ പുരയിടത്തിൽ കുഴിച്ചിട്ടനിലയിലായിരുന്നു. പത്മയുടേത് 56 കഷ്ണങ്ങളാക്കി ഒറ്റക്കുഴിയിൽ മറവുചെയ്‌ത നിലയിലും. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.