
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചടയമംഗലം ബ്ലോക്കിന്. 815 പോയിന്റോടെയാണ് ചടയമംഗലം ചാമ്പ്യന്മാരായത്. കൊല്ലം കോർപറേഷൻ 793 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. ശാസ്താംകോട്ട ബ്ലോക്ക് 453 പോയിന്റ് നേടി. കൊല്ലം കോർപറേഷനിലെ ആർ അദ്വൈത് കലാപ്രതിഭയും ഹരിപ്രിയ കലാതിലകവുമായി.

സമാപന സമ്മേളനം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കേരളോത്സവം ഗ്രാമീണരായ യുവതീ -യുവാക്കൾക്ക് കലാകായിക മത്സരങ്ങളിൽ പ്രതിഭ തെളിയിക്കുന്നതിനുള്ള വേദിയാകുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാ -–- കായിക മത്സരങ്ങളിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിച്ച് ദേശീയ നിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് സർക്കാർ കേരളോത്സവം സംഘടിപ്പിക്കുന്നത്. കായികാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തിലും സ്റ്റേഡിയം നിർമിക്കുന്നതിനു വേണ്ട നടപടിൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാൽ, സ്ഥിരംസമിതി അധ്യക്ഷരായ പി കെ ഗോപൻ, വസന്ത രമേശ്, യുവജന ക്ഷേമബോർഡ് അംഗം സന്തോഷ് കാല, യൂത്ത് പ്രോഗ്രാം ഓഫീസർ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
