
ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ വിതരണം സംബന്ധിച്ച് ജില്ലയിലെ വിവിധ റേഷന്‍കടകളില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റ നേതൃത്വത്തില്‍ പരിശോധന നടത്തി. റേഷന്‍കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണവും സംബന്ധിച്ച് കേന്ദ്ര സംഘത്തിന്റെ ജില്ലയിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. ഏഴുകോണ്‍, മാമൂട്, കൊറ്റങ്കര എന്നിവിടങ്ങളിലെ റേഷന്‍കടകളിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. റേഷന്‍കടകളില്‍ സി.സി.ടി.വി, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം എന്നിവ ഏര്‍പെടുത്തിയതില്‍ കളക്ടര്‍ അഭിനന്ദനം അറിയിച്ചു.
ബില്‍ഡിംഗ് സൗകര്യങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ഗുണഭോക്താക്കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ലൈസന്‍സിയുടെ വിവരങ്ങള്‍, വിലവിവരം, റേഷന്‍ ബോധവത്ക്കരണ നോട്ടീസുകള്‍ എന്നിവയുടെ പ്രദര്‍ശനം, അളവ്തൂക്ക, ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം എന്നിവയും കളക്ടര്‍ പരിശോധിച്ചു. റേഷന്‍കടകളുടെ പ്രവര്‍ത്തനം, ഗുണഭോക്താക്കളോടുള്ള പെരുമാറ്റം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളോടും കളക്ടര്‍ അഭിപ്രായം തേടി. എന്‍.എഫ്.സി.എ/ പി.എം.ജി.കെ.വൈ എന്നീ കേന്ദ്ര പദ്ധതികളിലൂടെ റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേക വിതരണം, ആധാര്‍ ലിങ്ക് ചെയ്ത ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം, ഭക്ഷ്യധാന്യങ്ങള്‍ക്ക് കൃത്യമായ ബില്ല് നല്‍കല്‍ എന്നിവ സംബന്ധിച്ച പരിശോധനകളും നടന്നു.

