ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികൾ മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ഭിന്നശേഷി പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്യും. കായിക വകുപ്പുമന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷനാകും.
രാജ്യത്തെ ഏറ്റവും ഭിന്നശേഷി സൗഹൃദമായ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ എന്നിവ മുഖേന നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളിലൂടെ സർക്കാർ വിഭാവനം ചെയ്ത ‘തടസ്സരഹിത കേരളം’ എന്ന ലക്ഷ്യത്തിലേക്കു സുപ്രധാന ചുവടുകൾ വെച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് ഈ വർഷത്തെ ഭിന്നശേഷി ദിനാചരണ പരിപാടികൾ നടപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.