ക്യാൻസർ നിയന്ത്രണപദ്ധതിയുടെ ഭാഗമായി, പ്രാരംഭദശയിൽ ക്യാൻസർ രോഗം കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്‌ചയിൽ ഒരുദിവസം ക്യാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് ആരംഭിക്കും. ക്യാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ല, -ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി ക്യാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. ക്യാൻസർ ബോധവൽക്കരണവും ഗൃഹസന്ദർശനവും വിവരശേഖരണവും ഇതിന്റെ ഭാഗമായുണ്ടാകും. സമഗ്ര അർബുദ നിയന്ത്രണം ലക്ഷ്യമാക്കി കേരള ക്യാൻസർ കൺട്രോൾ സ്‌ട്രാറ്റജി തായാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. മലബാർ ക്യാൻസർ സെന്ററിൽ നിർമാണം പൂർത്തിയാക്കിയ വികസന പദ്ധതികളുടെ ഉദഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ ക്യാൻസർ നിയന്ത്രണ പരിപാടി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. 2014ലാണ് എംസിസി മലബാർ ക്യാൻസർ രജിസ്‌ട്രി തയാറാക്കുന്നത്. ഇപ്പോൾ കേരള ക്യാൻസർ രജിസ്‌ട്രിയുടെ കാര്യത്തിലും എംസിസിയാണ് നേതൃത്വം നൽകുന്നത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ അർബുദരോഗികളുടെ വിവരശേഖരണം നടന്നുവരികയാണ്.
അർബുദ ചികിത്സയിലും ഗവേഷണത്തിലും നയരൂപീകരണത്തിലും നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി എംസിസി വളർന്നു. ഇത് സ്ഥാപിച്ചപ്പോഴുണ്ടായ ചില വിവാദങ്ങൾ ഓർമയിലുണ്ട്. വിവാദങ്ങൾക്കുപിന്നാലെ പോകുകയല്ല, നാടിന് ഗുണകരമാകുന്ന പദ്ധതി നടപ്പാക്കുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.