
നഗരവസന്തം പുഷ്പമേളയിൽ കുടുംബശ്രീയുടെ ഫുഡ്‌കോർട്ട്, കഫേ കുടുംബശ്രീ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്‌തു. കുടുംബശ്രീ പ്രവർത്തകരോടൊപ്പം നിലവിളക്കുകൊളുത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഫുഡ്‌കോർട്ടെന്നും എല്ലാവരും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിഭവങ്ങൾ രുചിച്ചുനോക്കിയ മന്ത്രി പാചകത്തിലും പ്രവർത്തകരോടൊപ്പം പങ്കുചേർന്നു. വിവിധ ജില്ലകളിലെ വിവിധയിനം ഭക്ഷണങ്ങൾക്കു പുറമേ ഇന്ത്യയിലെ 12 ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ ഫുഡ്‌കോർട്ടിലുണ്ട്. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിൽ അതാതു സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളാണ് രുചി വൈവിധ്യം ഒരുക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്ന് തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തിലാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.

