കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHS ൽ വിദ്യാർഥികൾക്കായി “സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” എന്ന പരിപാടി സംഘടിപ്പിക്കുന്നു.
സ്കൂൾ PTA യുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.പ്രസ്തുത പരിപാടി പ്രകാരം 2022-23 അക്കാദമിക് വർഷം SSLC,+2,വിഎസ്സ് പഠനം പൂർത്തിയാക്കി പോകുന്ന ഓരോ കുട്ടിയും ഫോട്ടോ, പേര്, ക്ലാസ്സ്, ഡിവിഷൻ എന്നിവ രേഖപ്പെടുത്തിയ ഒരു സ്റ്റിക്കർ പതിച്ച പുസ്തകം സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു
.ഇതിന് ആവശ്യമായ പുസ്തകങ്ങൾ നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നുമാണ് വാങ്ങുന്നത്.ഏകദേശം 850 കുട്ടികൾ പുസ്തകം വാങ്ങി നൽകി ഈ പരിപാടിയുടെ ഭാഗമാകും.പരിപാടിയുടെ ഉദ്ഘാടനം നിയമസഭ സ്പീക്കർ സ്‌കൂളിലെത്തി നിർവ്വഹിക്കുന്നു.
സ്പീക്കർ GVHSS ലെ കുട്ടികളുമായി സംവദിക്കുന്ന പരിപാടി “പറയാം കേൾക്കാം നമ്മുടെ സ്പീക്കറോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു.
കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് ഭാഗമായാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023 ജനുവരി 9 മുതൽ 15 വരെയുള്ള തീയതികളിലാണ് നടക്കുന്നത്.
നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150ലേറെ സ്റ്റാൾ ഇതിനായി സ്ഥാപിക്കും. രാവിലെ പത്തു മണി മുതൽ രാത്രി എട്ടു വരെയാവും പ്രദർശനം. ദേശീയ, അന്തർദ്ദേശീയ പ്രസാധകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
മേളയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ സി. എസ്. ആർ ഫണ്ടോ, സ്പോൺസർഷിപ്പോ മുഖേന പുസ്തക കൂപ്പൺ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. സാമാജികരുടെ പ്രത്യേക വികസന നിധിയിൽ നിന്ന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകം വാങ്ങുന്നതിനും സംവിധാനമൊരുക്കും.
വിവിധ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലേക്കും ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലേക്കും വിലക്കിഴിവിൽ പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവും. പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം എന്നീ മത്സരങ്ങളും കാർട്ടൂൺ മത്സരവും ഓൺലൈനായി നടത്തും. പുസ്തകോത്സവം നടക്കുന്ന ദിനങ്ങളിൽ ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും പൊതുവിഭാഗത്തിലും ക്വിസ് മത്സരവും സംഘടിപ്പിക്കും.
മൂന്നു വേദികളിലായി സാഹിത്യോത്സവവും നടക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിംഗ്, ബുക്ക് റീഡിംഗ് തുടങ്ങിയ പരിപാടികളും നടക്കും.
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മാധ്യമ അവാർഡ് ഏർപ്പെടുത്തും. പുസ്തകോത്സവത്തോടൊപ്പം വിദ്യാർത്ഥികൾക്കും മറ്റും നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും കാണാനുള്ള സൗകര്യവും ഒരുക്കും.