4.25 ലക്ഷത്തോളം അന്നദാനം നടത്തി

ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപങ്ങള്‍ സജീവം. പ്രതിദിനം ശരാശരി 22,000 ത്തോളം ഭക്തരാണ് മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നത്. ഇന്നലെ (ഡിസംബര്‍ 2) വരെ 50 ലക്ഷത്തോളം രൂപയാണ് അന്നദാനത്തിന് സംഭാവനയായി ലഭിച്ചത്.

ഒരേസമയം 3500 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള അത്യാധുനിക സൗകര്യങ്ങളാണ് അന്നദാന മണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്നത്. ദിവസം മൂന്ന് പ്രാവശ്യം ഹാള്‍ മുഴുവന്‍ അണുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്യും. ഇതര സംസ്ഥാന ഭക്തര്‍ക്കായി മറ്റ് ഭാഷകളിലും അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.

പ്രഭാത ഭക്ഷണം ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സലാഡ്, ചുക്കു വെള്ളം എന്നിവ വിതരണം ചെയ്യും. രാത്രി ഭക്ഷണം 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയും നല്‍കും.

ഭക്ഷണ വിതരണ ശേഷം പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് ഇലക്ട്രിക്കല്‍ ഡിഷ് വാഷ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. 230 ജീവനക്കാരാണ് അന്നദാനം മണ്ഡപത്തില്‍ ജോലി ചെയ്യുന്നത്. എല്ലാവരുടെയും കൃത്യമായ ആരോഗ്യ സുരക്ഷാ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കുന്നുണ്ട്.

സ്റ്റീം സംവിധാനം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിലൂടെ വളരെ വേഗത്തിലും ചിലവ് കുറച്ചും ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കുന്നു. അത്യാഹിതം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയാണ് ജീവനക്കാരെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല.