1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാവായ ബിഎസ്എഫ് (റിട്ട.) നായിക് ഭൈരോൺ സിങ് രാത്തോഡ് (81) അന്തരിച്ചു. രാജസ്ഥാനിലെ ലോംഗെവാലെ പോസ്റ്റിൽ പാക്ക് സേനയുടെ കടന്നാക്രമണത്തെ തടുത്തുനിർത്തിയ രാത്തോഡിന്റെ ധീരതയാണു സുനിൽ ഷെട്ടി നായകനായ ‘ബോർഡർ’ എന്ന സിനിമയിൽ ആവിഷ്കരിച്ചത്.

ജോധ്പുർ എയിംസിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. ജോധ്പുരിൽനിന്ന് 100 കിലോമീറ്റർ അകെല സോളങ്കിയതാല ഗ്രാമത്തിലാണു രാത്തോഡ് കുടുംബം താമസിക്കുന്നത്.

1971 യുദ്ധകാലത്ത്, താർ മരുഭൂമിയിലെ ലോംഗെവാലെ പോസ്റ്റിൽ 7 പേരടങ്ങുന്ന ബിഎസ്എഫ് യൂണിറ്റിന്റെ കമാൻഡറായിരുന്നു രാത്തോഡ്. 23 പഞ്ചാബ് റെജിമെന്റിന്റെ പിന്തുണയോടെ രാത്തോഡിന്റെ നേതൃത്വത്തിലുള്ള സൈനികരാണു പാക്ക് പട്ടാളത്തിന്റെ കടന്നുകയറ്റത്തെ 1971 ഡിസംബർ 5 നു ചെറുത്തുതോൽപിച്ചത്. യന്ത്രത്തോക്കുമായി രാത്തോഡ് ശത്രുനിരയിൽ കനത്ത നാശമുണ്ടാക്കി. 1972 ൽ ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. 1987 ൽ വിരമിച്ചു.