അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ് സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ് ട്രഷറർ. 37 അംഗ എക്സിക്യൂട്ടീവിനേയും ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മൂന്ന് ദിവസമായി എം സി ജോസഫെെൻ നഗറിൽ ചേരുന്ന സമ്മേളനം ഇന്ന് വെെകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും. പകൽ രണ്ടിന് ആലപ്പുഴ നഗരത്തിലെ ഏഴ് കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കുന്ന പ്രകടനം ഇ എം എസ് സ്‌റ്റേഡിയത്തിൽ സംഗമിക്കും. വൈകിട്ട് നാലിന് ഇ എം എസ് സ്‌റ്റേഡിയത്തിലെ മല്ലുസ്വരാജ്യം നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനംചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, എസ് പുണ്യവതി, യു വാസുകി, പി കെ ശ്രീമതി, കെ കെ ഷൈലജ, പി സതീദേവി, മന്ത്രിമാരായ ആർ ബിന്ദു, വീണാ ജോർജ് എന്നിവർ സംസാരിക്കും.
തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ് സുഭാഷിണി അലി ഉദ്‌ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‌ളെ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ചൊവ്വാ രാവിലെ പൊതുചർച്ച ആരംഭിച്ചു. നാല് പ്രമേയങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കരുത്, സർവകലാശാലകളിലെ കാവിവൽക്കരണം ചെറുക്കുക, ബാങ്കിങ്–ഐടി മേഖലകളിലെ സ്‌ത്രീകളുടെ ജോലി സുരക്ഷ ഉറപ്പാക്കുക, ലഹരി വസ്‌തുക്കളുടെ നിയന്ത്രണത്തിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യുക എന്നീ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.