
നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മൂന്നോ നാലോ ഭാഷ അറിയുന്നവർ പോലും മാതൃഭാഷയിലാവും സ്വപ്‌നം കാണുക. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷ വാരാഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയെക്കുറിച്ച് പറയുമ്പോൾ പ്രാദേശിക ഭാഷകളെക്കുറിച്ചും പരാമർശിക്കണം. പ്രാദേശിക ഭാഷ ഏതൊരു ഭാഷയുടെയും രുചിമുകുളങ്ങളാണ്. പ്രാദേശിക പ്രയോഗങ്ങളും പദങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭാഷ കേവലം വിനിമയ മാധ്യമം മാത്രമല്ല. മാതൃഭാഷ ഇംഗ്‌ളീഷ് ഭാഷയെക്കാൾ ഒട്ടും താഴെയല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷയും അമരമാണെന്ന് പ്രൊഫ. വി. മധുസുദനൻ നായർ പറഞ്ഞു. ഓരോ ജനതയെയും ബഹുമാനിക്കുന്നതിന് തുല്യമാണ് ഓരോ ഭാഷയെയും ബഹുമാനിക്കുന്നത്. നവംബർ ഒന്ന് എന്നു പറയുമ്പോൾ മലയാള തീയതിയും ഓർക്കേണ്ടതുണ്ട്. സ്വന്തം കലണ്ടർ മറക്കേണ്ടി വന്നവരാണ് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു.
