കേരളത്തിലെ കോടതികളുടെ പശ്ചാത്തലസൗകര്യ വികസനം പരിമിതികള്‍ മറികടന്നും സുഗമമായി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആല്‍ത്തറമൂട് ജംക്ഷനിലെ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ നിര്‍വഹണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പുതുതായി 27 ജില്ലാ കോടതികള്‍ അനുവദിച്ചു. ആകെ എണ്ണം 56 ആയി ഉയര്‍ന്നു.

കോടതി വ്യവഹാരവും കേസുകളുടെ അതിവേഗ തീര്‍പ്പാക്കലും ഉറപ്പാക്കാനായി ഫാസ്റ്റ് ട്രാക്ക് കോടതികളും അനുവദിക്കുകയാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഇവയൊക്കെ തീര്‍പ്പാക്കാന്‍ കൂടുതല്‍ കോടതികള്‍ വേണം. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടാണ് സാമ്പത്തികഭാരം ഏറ്റെടുത്തും നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത്. കൊല്ലം കോടതി സമുച്ചയവും യാഥാര്‍ത്ഥ്യമാകും. ഉയര്‍ന്ന നിര്‍മാണച്ചിലവ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള സാങ്കേതിക സഹായം കൂടി തേടുകയാണ്. അതു പോലെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കുന്ന വിഷയത്തിലും പിന്തുണ നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!