
ശബരി സന്നിധിയില്‍ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികന്‍ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തില്‍ സമന്വയിച്ചു. കൂട്ടിന് ഭക്തജന സാഗരവും.
ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയില്‍ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. കൂട്ടിന് മലയാളികളുടെ പ്രിയ ഗായകന്‍ വിവേക് ആനന്ദും കീ ബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തില്‍ പങ്കുചേര്‍ന്നു.
നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശനം നടത്തുന്നു.
