ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി ഒരു വനിത എത്തി. സന്ധ്യ ദേവനാഥനാണ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുന്ന സന്ധ്യ ദേവനാഥൻ 2023 ജനുവരി ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും.

22 വർഷത്തെ പ്രവൃത്തി പരിചയവും ബാങിങ്, പേയ്മെന്റ്, ടെക്നോളജി രംഗങ്ങളിലും അന്താരാഷ്ട്രതലങ്ങളിൽ ജോലി ചെയ്ത അനുഭവ സമ്പത്തും ഉള്ള ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ ദേവനാഥൻ. 2000ത്തിൽ ഡൽഹി യൂനിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കൽറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയിരുന്നു. 2016ലാണ് സന്ധ്യ മെറ്റയുടെ ഭാഗമായത്. സിംഗപ്പൂരിലെയും വിയറ്റ്‌നാമിലെയും മെറ്റയുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ തെക്കുകിഴക്കൻ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചിരുന്നു.

മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനമനുഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാൻഡൽസൻ പറഞ്ഞിരുന്നു.

അതേസമയം നേരത്തേ വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും കമ്പനി വിട്ടു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിക്ക് പിന്നാലെയാണ് ഇരുവരും പടിയിറങ്ങുന്നത്. നിലവിലെ വാട്‌സാപ്പ് പബ്ലിസി പോളിസി മേധാവി ശിവ്‌നാഥ് തുക്രാൽ മെറ്റ പോളിസി മേധാവിയാകും

error: Content is protected !!