പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുനലൂർ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയതോടെ തൂക്കുപാലം താത്കാലികമായി അടച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പ് നൽകിയ 27 ലക്ഷം രൂപയ്ക്കാണ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. തൂക്കുപാലത്തിന്റെ ചങ്ങലകളിലെ തുരുമ്പ് മാറ്റി മുന്തിയ ഇനം പെയിന്റിങ് ചെയ്യുകയും ദ്രവിച്ച ലോഹ ഭാഗങ്ങൾ പൂര്‍ണമായും മാറ്റുകയുമാണ്. പാലത്തിലെ കമ്പകത്തടിയുടെ സംരക്ഷണത്തിന് കശുവണ്ടിത്തോടിന്റെ ഓയിൽ നൽകും.
കമാനങ്ങളിലെ പാഴ്മരങ്ങൾ നീക്കൽ, കല്ലടയാറ്റിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഭിത്തി നിര്‍മ്മാണം, കൂടുതൽ ഇരിപ്പിടങ്ങൾ എന്നിങ്ങനെ പുത്തൻ രീതിയിൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് പുനലൂർ തൂക്കുപാലം. ചരിത്ര പ്രാധാന്യമുള്ള തൂക്കുപാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി എസ് സുപാൽ നൽകിയ നിവേദനത്തെത്തുടര്‍ന്നാണ് പുരാവ്സതു വകുപ്പ് പണം അനുവദിച്ചത്. മുമ്പ് നടത്തിയ നവീകരണങ്ങളിലുണ്ടായ പാളിച്ചകൾ കൂടി പരിഹരിക്കാനാണ് പുരാവസ്തു വകുപ്പിന്റെ ശ്രമം.