പ്ലാസ്റ്റിക് ഉപേക്ഷിക്കാം, തെരുവിലേക്കല്ല, ജീവിതത്തില്‍ നിന്നും, അതിനായി നമുക്ക് ഒന്നിക്കാം’ പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചിയിലെ ക്യാപ്ഷനാണിത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി തുണിസഞ്ചി വ്യാപകമാക്കുകയെന്ന പുനലൂര്‍ നഗരസഭയുടെ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണിവര്‍. 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരസഭയുടെ 35 വാര്‍ഡുകളിലേക്ക് 31500 തുണിസഞ്ചികള്‍ സ്‌ക്രീന്‍ പ്രിന്റിംഗ് ഉള്‍പ്പെടെ ചെയ്താണ്് നിര്‍മിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് തുണിസഞ്ചി നിര്‍മിച്ചു നല്‍കും.

നഗരസഭയുടെ നേതൃത്വത്തിലുള്ള ചെമ്മന്തൂര്‍ വ്യാപാരസമുച്ചയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ധനസഹായത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണത്തിനായി ആരംഭിച്ച സംരംഭം തുണിസഞ്ചി നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. കഴുകി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. പ്ലാസ്റ്റിക്ക് ബദലൊരുക്കുന്നതിനൊപ്പം മികച്ച വരുമാനം മാര്‍ഗം കൂടിയാണിത്. അപ്പാരല്‍ പാര്‍ക്കിന്റെ കാര്യക്ഷമമായ നടത്തിപ്പിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.