കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു. എല്‍. എസ്. എസ് പരീക്ഷ, ശാസ്ത്രമേള, കലോത്സവം എന്നിവയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

കൊവിഡ് കാലം കുട്ടികളിലുണ്ടാക്കിയ കായിക മേഖലയില്‍ നിന്നുള്ള അകലം പരിഹരിക്കുക, വ്യായാമവും കായിക വിനോദങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും ഉടമകളാക്കി അവരെ മാറ്റുക, കായിക രംഗത്തുള്ള പ്രാദേശിക മാനുഷിക വിഭവ സേവനം പ്രയോജനപ്പെടുത്തി കുട്ടികളെ കായിക മേഖലയില്‍ മികവുറ്റവരാക്കി തീര്‍ക്കുക, കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉദ്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, കുട്ടികളുടെ ഊര്‍ജ്ജവും സമയവും കായിക മേഖലയിലേക്ക് തിരിച്ചുവിട്ട് ലഹരി വിരുദ്ധ മനോഭാവം സൃഷ്ടിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളാണ് കായിക ഗ്രാമം ഞങ്ങളിലൂടെ എന്ന പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സ്‌കൂളിലെ മുന്‍ പ്രഥമ അധ്യാപകനായിരുന്ന എ. ഇക്ബാല്‍ രണ്ട് ലക്ഷം രൂപ ചെലവാക്കി സ്‌കൂളിനു വേണ്ടി നിര്‍മ്മിച്ച പ്രവേശന കവാടവും മന്ത്രി ഉദ്ഘാടനീ ചെയ്തു. വോളിബോള്‍ താരം അക്ബര്‍ ഖാന്‍ എസ്. ബി, കലാമണ്ഡലം കൃഷ്ണ സുരേഷ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.