
കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതിനൊപ്പം ചരിത്രപ്രാധാന്യമുള്ളതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ക്ക് കൂടി കലോത്സവങ്ങള്‍ വേദിയാകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ എച്ച്. എസ്. എസ് ആന്‍ഡ് വി. എച്ച്. എസില്‍ കൊല്ലം റവന്യു ജില്ലാകലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ കലാമികവുകള്‍ പ്രകടമാക്കുന്നതിന് സഹായകമാകും വിധമാണ് കലാമേളകളുടെ സംഘാടനം. ഒത്തൊരുമയുടെയും മതനിരപേക്ഷതയുടെയും സഹോദര്യത്തിന്റെയും വേദികളാണ് സ്‌കൂളുകള്‍. 13400 ലധികം സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയിലധികമാണത്. പഠനരംഗത്തെ മികവിന് തെളിവാണ് ഇത്രയധികം വിദ്യാലയങ്ങളുടെ സാന്നിദ്ധ്യമെന്നും അദ്ദേഹം പറഞ്ഞു.
