
അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്തുവാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. ആംബുലൻസുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴിൽ എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും വിദഗ്ധ പരിശീലനം നൽകും. ബേസിക് ലൈഫ് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് ലൈഫ് കെയർ സപ്പോർട്ട് എന്നിവയിലാണ് പരിശീലനം. ആബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷനും നിർബന്ധമാക്കും. ആംബുലൻസുകളുടെ നിറം ഏകീകൃതമാക്കും. മികച്ച ആംബുലൻസ് സേവനങ്ങൾക്ക് ആരോഗ്യ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ആംബുലൻസുകളുടെ സേവനങ്ങൾ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വിലയിരുത്താൻ ഗതാഗത വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ഐഎംഎ, ആംബുലൻസ് സേവനമേഖല എന്നിവയുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. വിവിധ കാറ്റഗറികളിലുള്ള ആംബുലൻസുകളുടെ സൗകര്യങ്ങൾ, അവയുടെ സേവനം, ഫീസ്, നിറം, ആംബുലൻസ് ഡ്രൈവർമാരുടെ യോഗ്യത, പോലീസ് വെരിഫിക്കേഷൻ, യൂണിഫോം, ആംബുലൻസുകളുടെ ദുരുപയോഗം, എന്നിവ പരിശോധിച്ച് കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർ, ആരോഗ്യ വകുപ്പിലേയും ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
